ബിയോണ്ട് ദി മെമ്മറീസ്

Preview chapters

1 - രാത്രി

രാത്രികൾക്ക് എന്നും പല വികാരങ്ങളാണ്. ചില രാത്രികള്‍ നമ്മെ ഒരുപാട് സന്തോഷിപ്പിക്കും. ചിലത് നമ്മെ കരയിപ്പിക്കും. മറ്റു ചിലപ്പോൾ അവ നമ്മെ പ്രണയിക്കാൻ പഠിപ്പിക്കും. പക്ഷെ ഇവ ഒന്നും അല്ലാത്ത ചില രാത്രികളുണ്ട്. നമ്മളറിയാതെ നമ്മുടെ ഉള്ളിൽ ഭീതിയുടെ നിഴൽ പായിച്ച് വല്ലാത്തൊരു വികാരങ്ങളിൽ എത്തിക്കുന്ന രാത്രികൾ. ഇന്നത്തെ രാത്രിക്ക് അത്തരമൊരു വികാരമാണ്.

സമയം ഏകദേശം 2 മണി കഴിഞ്ഞിരിക്കുന്നു. മനസാകെ അസ്വസ്ഥമാണ്. തീരെ ഉറക്കം വരുന്നില്ല .ഒരു പക്ഷെ ഒറ്റയ്‌ക്കുള്ള ജീവിതവും കുറച്ചു ദിവസമായിട്ടുള്ള ഓഫീസിലെ തിരക്കുകളും ആയിരിക്കാം കാരണം . ഈ മുറിക്ക് അകത്തു ഇരിക്കുമ്പോൾ വല്ലാത്ത ഒരു വീർപ്പു മുട്ടൽ . എന്തോ ഒന്ന് എന്നെ പുറത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത് പോലെ… ഞാൻ അധികം ചിന്തിക്കാൻ നിൽക്കാതെ ഹാങ്ങറിൽ കിടക്കുന്ന ജാക്കറ്റും എടുത്തിട്ട് പുറത്തേക്കിറങ്ങി.

ചുറ്റും നല്ല ഇരുട്ടാണ്. അങ്ങകലെ കത്തിക്കൊണ്ടിരിക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം കാണാം. ഇവിടെ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ നടന്നാൽ ബീച്ചിലെത്തും. ഞാൻ വെറുതേ ആ വഴിയിലൂടെ നടന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. കാറ്റിന്റെ ശബ്ദമൊഴിച്ചാൽ എങ്ങും നിശബ്ദത മാത്രം.

ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസിലാവുന്നില്ല. ചിലപ്പോൾ ആദ്യമായിട്ടായിരിക്കും ഇതു പോലെയൊരു ഭ്രാന്തമായ കാര്യം ചെയ്യുന്നത്. പക്ഷെ ഞാൻ ഈ ഉന്മാദ അവസ്ഥയെ വല്ലാതെ ഇഷ്ടപ്പെടുന്നു. ആ വഴിയിലൂടെ ഞാൻ മുന്നോട്ടു നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ ഇരമ്പിയടിക്കുന്ന തിരമാലകളുടെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് ആ ശബ്ദം കൂടി കൂടി വന്നു. രണ്ട് മൂന്ന് സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രമേ ബീച്ചിൽ ഉണ്ടായിരുന്നുള്ളു. നല്ല തണുത്ത കാറ്റ് മുഖത്തേക്ക് വീശികൊണ്ടിരുന്നു. ആ തണുത്ത കാറ്റും, മങ്ങിയ വെളിച്ചവും, തിരമാലകളുടെ ശബ്ദവും എന്നെ ശാന്തമാക്കിയതുപോലെ… രാത്രിയുടെ ആ വശ്യ സൗന്ദര്യത്തിൽ ഞാൻ അങ്ങനെ ലയിച്ചു നിന്നു.

പെട്ടെന്നാണ് കുറച്ച് ദൂരത്തായി കടൽ തീരത്ത് ആരോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. മറ്റാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അയാൾക്ക്‌ നേരെ നടന്നു. അടുത്ത് എത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് മനസിലായത്. വെളുത്ത നിറമുള്ള ചുരിദാർ പോലെ എന്തോ ഒന്നായിരുന്നു അവളുടെ വേഷം. പണ്ട് കണ്ട സിനിമകളിലെ യക്ഷികഥകളാണ് ആദ്യം മനസിലൂടെ കടന്നുപോയത്. ഒരൽപ്പം ഭയം തോന്നിയെങ്കിലും അത് കാര്യമാക്കാതെ ഞാൻ മുന്നോട്ട് നടന്നു. അടുക്കും തോറും ഒരു ചെറു തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. ഓരോ അടി മുന്നോട്ടുവെയ്ക്കുമ്പോഴും ആ തേങ്ങലിന്റെ ശബ്ദം കൂടി വന്നു. ഒരുവേള ഞാൻ ശരിക്കും ഒരു യക്ഷിയെ ആണോ കാണുന്നതെന്ന് തോന്നി പോയി. എങ്കിലും ഞാൻ മുന്നോട്ടു നടന്ന് അവളുടെ അരികിലെത്തി.

അവളുടെ വെള്ള ചുരിദാറിന്റെ കൈ ഭാഗം മൊത്തം കീറിപറിഞ്ഞിരുന്നു. ഈ മങ്ങിയ വെളിച്ചത്തിലും എനിക്ക് അവളുടെ കൈയ്യിലെ മുറിപ്പാടുകള്‍ കാണാമായിരുന്നു. മുട്ട് കാലിലേക്ക് തല താഴ്ത്തി കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല. അവളുടെ മുടി കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു. അവളുടെ കരച്ചിൽ ഇപ്പോൾ എനിക്ക് വ്യക്തമായി കേൾക്കാം. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. ഉള്ളിൽ ഭയം തോന്നിയെങ്കിലും അത് കാര്യമാക്കാതെ ഞാൻ വിളിച്ചു.

"ഹലോ"

അവൾ പതിയെ മുഖം ഉയർത്തി എന്നെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ, പരന്ന് കിടക്കുന്ന കണ്മഷി. കണ്മഷി കലർന്ന കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നു. പാറി കളിക്കുന്ന മുടിയിഴകൾ ആ കണ്ണുനീരിന്റെ നനവിൽ അവിടവിടെയായി പറ്റി കിടക്കുന്നു. നിസ്സഹായതയും ഭയവും കലർന്ന ഭാവമായിരുന്നു അവൾക്ക്. എന്നെ കണ്ടതും പേടിച്ചു ഭയന്നവൾ പിന്നോട്ട് നീങ്ങാൻ ശ്രമിച്ചു. ഞാൻ വീണ്ടും ചോദിച്ചു.

"എന്താ പറ്റിയത് ? നിങ്ങളെ കണ്ടിട്ട് എന്തോ പ്രശ്നത്തിലാണെന്ന് തോന്നുന്നല്ലോ. ഈ സമയത്ത് ഇവിടെ ഇങ്ങനെ ഒറ്റയ്‌ക്ക് ഇരിക്കുന്നത് ഒട്ടും സേഫ് അല്ലാ."

അവളെന്റെ മുഖത്തേക്ക് നോക്കി ഉടൻ തന്നെ പൊട്ടിക്കരയാൻ തുടങ്ങി. കരഞ്ഞുകൊണ്ടിരിക്കെ വിറകൊള്ളുന്ന ചുണ്ടുകളോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരെന്നെ കൊല്ലും. എന്നെ രക്ഷിക്കണം. എനിക്കാകെ പേടിയാകുന്നു. അവർ എല്ലാവരേയും കൊന്നു. എന്നെയും കൊല്ലും. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. അവളെന്തോ വലിയ പ്രശ്നത്തിലാണെന്ന് എനിക്ക് തോന്നി. പക്ഷെ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ലായിരുന്നു. ഉള്ളിൽ വല്ലാത്ത ഭയം തോന്നിയെങ്കിലും അവളുടെ പ്രശ്നങ്ങൾ മനസിലാക്കി അവളെ സഹായിക്കണമെന്ന ചിന്തയായിരുന്നു മനസ് മുഴുവൻ. അതുകൊണ്ടുതന്നെ ഞാൻ അവളോട് കാര്യങ്ങളെല്ലാം ചോദിച്ചറിയാൻ ശ്രമിച്ചു.

കൊല്ലാനോ? ആര് ? എന്തിന് ? എന്താണുണ്ടായത്‌? നിങ്ങൾ പേടിക്കാതിരിക്കൂ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ അതൊന്നും ശ്രദ്ധിക്കാതെ എന്തെക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവൾ പറയുന്നത് പൂർണമായും മനസിലായില്ലെങ്കിലും അവളെ ആരോ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം മനസിലായി. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല. ആരെയെങ്കിലും വിളിക്കണോ, അല്ലെങ്കിൽ പോലീസിനെ അറിയിക്കണോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ അവളെ സഹായിക്കണോ… ഒന്നും അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഞാൻ അവളോട് ചോദിച്ചു "ഞാൻ എന്താണ് ചെയ്യേണ്ടത് ? പോലീസിനെ വിവരം അറിയിച്ചാലോ? പോലീസ് സ്റ്റേഷനിലേക്ക് ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട്. അല്ലെങ്കിൽ നിങ്ങളുടെ വീട് എവിടെയാണ് ? ഞാൻ നിങ്ങളെ വീട്ടിലെത്തിക്കാം."

"വേണ്ട പോലീസ് സ്റ്റേഷൻ വേണ്ട. എനിക്ക് വീട്ടിൽ പോകണം. അവരെന്നെ കൊല്ലും. എനിക്ക് ഇവിടെ ആരെയും അറിയില്ല. ഒന്നും അറിയില്ല. അവരെന്നെ കൊല്ലും. എനിക്ക് പേടിയാകുന്നു. എനിക്ക് എന്റെ വീട്ടിൽ പോകണം. " പേടിച്ചു വിറച്ചവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒരു ഭ്രാന്തിയെ പോലെ അവൾ അത് ആവർത്തിച്ചുകൊണ്ടിരുന്നു.

എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. എങ്കിലും ഞാൻ അവളോട്‌ ചോദിച്ചു. കുട്ടിയുടെ വീട് എവിടെയാണ് ഞാൻ കുട്ടിയെ വീട്ടിൽ എത്തിക്കാം. അവൾ ഒരു നിമിഷം ചിന്തിച്ച ശേഷം പിറുപിറുത്തു. " കല്പള്ളി ...കല്പള്ളി "

ഞാൻ : കൽപള്ളിയോ ? അത് എവിടെയാ
അവൾ : ബാംഗ്ലൂർ
ഞാൻ : ബാംഗ്ലൂരാണോ കുട്ടിയുടെ വീട് ? അവിടെയാണോ താമസിക്കുന്നത് ?
"മ്മ്മ്" അവളൊന്ന് മൂളി.

എനിക്കവളെ ഈ അവസ്ഥയിൽ ഒറ്റയ്‌ക്ക്‌ വീട്ടിലേക്ക് വിടാൻ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്ന് കരുതി ഞാൻ അവളെയും കൂട്ടി നടന്നു. ഇവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് 15 മിനിറ്റ് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. നടക്കുന്നതിനിടയിൽ ഞാനവളോട് പലതും സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. പെട്ടെന്നാണ് ഒരു കാർ ഞങ്ങളെ കടന്നു പോയത്. അത് കുറച്ചു മുന്നിലായി നിർത്തി ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വന്നു. പെട്ടെന്ന് ആ കാറിന്റെ ഗ്ലാസ് താഴ്ന്നു. അതിൽ ബിജിത് ആയിരുന്നു. എന്റെ പഴയകാല സുഹൃത്ത്. ഞങ്ങൾ കുറച്ചു കാലം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇപ്പോൾ അധികം കോണ്ടാക്ട് ഒന്നും ഇല്ല. ഇതുപോലെ എപ്പോഴെങ്കിലും വഴിയിൽ വെച്ച് കാണും. പക്ഷെ ഇന്നത്തെ കൂടിക്കാഴ്ച എന്നിലെന്തോ വെപ്രാളമാണ് ഉണ്ടാക്കിയത്.

രാത്രി ഈ സമയത്ത് ഒരു പെൺകുട്ടിയുടെ കൂടെ കണ്ടാൽ ആരായാലും ഒന്ന് തെറ്റിദ്ധരിക്കും. അവൻ എന്നോട് ചോദിച്ചു. ഈ സമയത്ത് എന്താടോ പരിപാടി ? ഞാൻ ഒന്നു പരുങ്ങികൊണ്ട് പറഞ്ഞു. ചുമ്മാ, ബീച്ചിലേക്ക് ഒന്ന് നടക്കാൻ ഇറങ്ങിയതാ… അപ്പോൾ തന്നെ അവൻ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു. ഈ സമയത്തോ? അതെ. വാക്കുകൾ ഇടറുന്നുണ്ടങ്കിലും എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. അവൻ എന്നെ കൂടുതല്‍ കുഴപ്പത്തിലാക്കേണ്ടെന്ന് കരുതിയാവാം ചിരിച്ചുകൊണ്ട് നടക്കട്ടെ എന്ന് പറഞ്ഞു പോയി.

ഞങ്ങൾ നടന്ന് സ്റ്റേഷനിലെത്തി. ഞാൻ അവളെ അവിടെ ഇരുത്തി ടിക്കറ്റ് എടുക്കാൻ പോയി. ട്രെയിൻ കാലത്ത് 4:15നാണ്. ഇപ്പോൾ സമയം 3 :45 ആയി. ട്രെയിൻ വരാൻ ഇനിയു൦ അര മണിക്കൂറുണ്ട്. അത്രയും സമയം അവളോട്‌ സംസാരിക്കാമെന്ന് കരുതി ഞാൻ രണ്ട് ചായ വാങ്ങി അവളുടെ അടുത്തേക്ക് പോയി. എന്റെ കൈയ്യിലെ ചായ ഗ്ലാസ് അവൾക്കുനേരെ നീട്ടി. "ടെൻഷൻ അടിക്കാതെ ചായ കുടിക്ക് ട്രെയിൻ വരാൻ ഇനിയും അര മണിക്കൂറുണ്ട്". പക്ഷെ അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. ഞാൻ ആ ചായ ഗ്ലാസ്‌ അവളുടെ അരികിൽ വെച്ച് അവളുടെ അടുത്ത് ഇരുന്നു.അവൾക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പക്ഷെ എൻ്റെ ചോദ്യത്തിന് ഒന്നും അവൾ ചെവി കൊടുത്തില്ല .2 0 മിനിറ്റോളം ഒന്നും സംസാരിക്കാതെ ഞങ്ങൾ അങ്ങനെ ഇരുന്നു. അവൾക്ക് പോകാനുള്ള ട്രെയിനിന്റെ ശബ്ദം ദൂരെ നിന്ന് കേൾക്കാമായിരുന്നു. അപ്പോഴും എന്റെ മനസ്സ് നിറയെ ആശങ്കകളായിരുന്നു. ഈ സമയത്ത് ഒറ്റയ്‌ക്ക് അവളെ പറഞ്ഞയക്കണോ? അവൾക്കൊപ്പം ഞാൻ കൂടെ പോയാലോ ? അവളുടെ കൈയ്യിൽ കാശ് വല്ലതും ഉണ്ടാകുമോ? അവൾ അവിടെ എത്തിയാൽ വീട്ടിലേക്ക് എങ്ങനെ പോവും ?അങ്ങനെ നൂറു നൂറു ചിന്തകൾ…

പോക്കറ്റിൽ കയ്യിട്ടപ്പോൾ എന്നോ മറന്നു വെച്ച ഒരു 500 രൂപ നോട്ട് കൈയ്യിൽ തടഞ്ഞു. ഞാൻ അതെടുത്ത് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. ഒന്നും മിണ്ടാതെ അവളെന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു. നിനക്ക് പോകാനുള്ള ട്രെയിൻ ഇതാണ്. ഞാൻ പറഞ്ഞു. അവൾ അവിടെ നിന്ന് എഴുന്നേറ്റ് മെല്ലെ ട്രെയിനിന്റെ അടുത്തേക്ക് നടന്നു. ട്രെയിനിൽ തിരക്ക് കുറവായിരുന്നു. ജനറൽ കംപാർട്മെന്റായിട്ടും സീറ്റുകൾ പലതും ഒഴിഞ്ഞു കിടക്കുന്നത് വിൻഡോയിലൂടെ നോക്കിയാൽ കാണാമായിരുന്നു. അവൾ അകത്ത് കയറി ഒരു വിൻഡോ സീറ്റിൽ ഇരുന്നു.

എന്റെ മനസ് മുഴുവൻ അവളെ പറ്റിയുള്ള ചിന്തകൾ കൊണ്ട് നിറഞ്ഞു. അവൾ നാട്ടിൽ എത്തിയോയെന്ന് എങ്ങനെ അറിയും? അവളെ കോണ്ടാക്ട് ചെയ്യാൻ വേറെ വഴിയൊന്നുമില്ലാത്തതിനാൽ തന്നെ ഞാൻ നമ്പർ ചോദിക്കാൻ തീരുമാനിച്ചു. "കുട്ടിയെ വിളിച്ചാൽ കിട്ടുന്ന നമ്പർ വല്ലതുമുണ്ടോ?" അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അപ്പോൾ തന്നെ ട്രെയിനിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത ശബ്ദം എന്റെ കാതുകളിൽ തുളഞ്ഞു കയറി. ട്രെയിൻ പതിയെ മുന്നോട്ടു നീങ്ങി. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ എന്നിൽ നിന്നു അകന്നകന്നു പോയി.

ട്രെയിൻ പോയതും എനിക്കാകെ ഒരു ശൂന്യത തോന്നി. ഞാൻ ആ ഒഴിഞ്ഞ പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ചിൽ കുറച്ച് നേരം ഇരുന്നു. പതിയെ പല ചിന്തകളും എന്റെ മനസിലേക്ക് കയറി വന്നു. അവൾ സുരക്ഷിതമായിട്ട് അവിടെ എത്തുമോ? എങ്ങനെ അറിയും? കോണ്ടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ല. എന്തിന് അവളുടെ പേര് പോലും ചോദിക്കാൻ മറന്നു. ആകെ അറിയാവുന്നത് ഒന്ന് മാത്രം. "ബാംഗ്ലൂർ.. കല്പള്ളി ..

കുറച്ചുനേരം ഞാൻ അങ്ങനെ ഇരുന്നു. സമയം നോക്കിയപ്പോൾ 4 :45. അപ്പോഴാണ് എനിക്ക് രാവിലെ മീറ്റിംഗുള്ള കാര്യം ഓർത്തത്. ഇനിയും ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നി ഞാൻ അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോഴേക്കും സമയം അഞ്ച് കഴിഞ്ഞിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് അപ്പോൾ തന്നെ കിടന്നു.

2 - ഓഫീസ്

ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. തപ്പി തിരഞ്ഞു എടുത്തപ്പോഴേക്കും കോൾ കട്ട്‌ ആയി. നോക്കിയപ്പോൾ പന്ത്രണ്ട് മിസ്ഡ് കോൾ. എല്ലാം റാഹേലിന്റേതായിരുന്നു. സമയം നോക്കിയപ്പോൾ ഞാനൊന്ന് ഞെട്ടി. 12:47. അയ്യോ ക്ലൈന്റ് മീറ്റിംഗ് 11:30 ന് ആയിരുന്നല്ലോ. എനിക്ക് ടെൻഷനാവാൻ തുടങ്ങി. വളരെ ഇമ്പോർട്ടന്റായ മീറ്റിംഗായിരുന്നത്. പെട്ടെന്നാണ് റാഹേലിന്റെ കോൾ വന്നത്. ആദ്യത്തെ റിങ്ങിൽ തന്നെ ഞാൻ കോൾ എടുത്തു.

റാഹേൽ : എടോ അക്ഷയ്, താൻ ഇതെവിടെ പോയി കിടക്ക. 11:30 ന് അല്ലായിരുന്നോ ക്ലൈന്റ് മീറ്റിംഗ്. അതിന്റെ വല്ല ബോധവുമുണ്ടോ?
ഞാൻ :സോറി ഡി, ഞാൻ… ഉറങ്ങി പോയി.
റാഹേൽ : വെള്ളമടിച്ച് ബോധം ഇല്ലാതെ കിടന്നുറങ്ങി കാണും അല്ലേ. ഈയിടെയായിട്ട് കുറച്ച് കൂടിയിട്ടുണ്ട് നിനക്ക്. ഒരു ബോധവുo ഇല്ല.
ഞാൻ : ഏയ് അതൊന്നുമല്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി. ഞാൻ എല്ലാം വിശദമായി പറയാം.
റാഹേൽ : നീ ഇപ്പോൾ ഒന്നും പറയണ്ട. വേഗം ഓഫീസിലേക്ക് വരാൻ നോക്ക്. ക്ലൈന്റിന്റെ കൈയ്യും കാലും പിടിച്ച് മീറ്റിംഗ് 3:30 ന് റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഞാൻ : താങ്ക്സ്.. ഡീ...ഞാനാകെ ടെൻഷനായി ഇരിക്കയായിരുന്നു. എന്തായാലും നീ അതൊക്കെ വേണ്ട രീതിയിൽ ഹാൻഡിൽ ചെയ്തല്ലൊ.
റാഹേൽ : നിന്ന് വാചകടിക്കാതെ വേഗം വരാൻ നോക്ക്.
ഞാൻ : ഓക്കെ ഡി...ഞാൻ ഒരു അര മണിക്കൂറിനുള്ളിൽ എത്തും.
ഇതും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി.

റാഹേൽ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്. ഇപ്പോൾ ഒരേ കമ്പനിയിൽ തന്നെ വർക്കും ചെയ്യുന്നു. കോളേജിൽ പഠിക്കുമ്പോൾ മുതൽ എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളോടായിരുന്നു പറയാറ്. ഒരു പക്ഷെ എന്നെ കുറിച്ച് ഏറ്റവും കൂടുതൽ അറിയാവുന്നതും അവൾക്കു തന്നെ ആയിരിക്കും.

ഞാൻ സമയം കളയാതെ പെട്ടെന്നുതന്നെ ഫ്രഷായി കാറുമെടുത്ത് ഓഫീസിലേക്ക് ഇറങ്ങി. എന്റെ മനസ് നിറയെ ഇന്നലെ നടന്ന സംഭവങ്ങളായിരുന്നു. അവളുടെ മുഖം പലപ്പോഴായി എന്റെ കണ്ണുകളിലൂടെ മിന്നി മാഞ്ഞു പോയി. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ മുഖം എന്റെ മനസിനെ വല്ലാതെ വേട്ടയാടിക്കൊണ്ടേയിരുന്നു. പതിയെ വല്ലാത്തൊരു കുറ്റബോധവും മനസിലേക്ക് വന്ന് നിറഞ്ഞു. ഞാനവളെ തനിച്ച് വിട്ടത്‌ ഒട്ടും ശരിയായില്ല..ഞാനും അവളുടെ കൂടെ പോവേണ്ടതായിരുന്നു... അവളവിടെ എത്തിക്കാണുമോ?"

ഏകദേശം 2:30 ആയപ്പോഴേക്കും ഓഫീസിലെത്തി. ക്രീയേറ്റീവ് സൊല്യൂഷൻ അതാണ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി. ഏതാണ്ട് അഞ്ഞൂറോളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഞാൻ ഇവിടുത്തെ സോഫ്റ്റ്‌വെയർ ആർക്കിട്ടെക്റ്റാണ്. ഈയിടയായി വർക്ക് പ്രഷറും ഓവർടൈമും പിന്നെ കുറെ അനാവശ്യ മീറ്റിങ്ങും ഡിസ്‌ക്കഷൻസും ഒക്കെക്കൂടി ആയപ്പോൾ എനിക്ക് ഓഫീസിലേക്ക് വരാൻ തന്നെ നല്ല മടുപ്പായിരുന്നു.

ഇത്രയും പേർ വർക്ക് ചെയ്യുന്ന കമ്പനിയാണെങ്കിലും പലപ്പോഴും എനിക്കിവിടെയൊരു ഒറ്റപ്പെട്ട അവസ്ഥയാണ്. ആകെയുള്ള ആശ്വാസം റാഹേലാണ്. സത്യം പറഞ്ഞാൽ ഇത്ര ധൃതിപിടിച്ചു ഓഫീസിലേക്ക് വന്നത് തന്നെ റാഹേലിനോട് ഇന്നലെ നടന്ന കാര്യങ്ങളൊക്കെ പറയാമെന്നു കരുതിയാണ്. പക്ഷെ ഓഫീസിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് അവളോട്‌ സംസാരിക്കാനുള്ള സമയം കിട്ടുമോ എന്നൊക്കെ കണ്ടറിയാം. ഞാൻ കാർ ബേസ്‌മെന്റിൽ പാർക്ക് ചെയ്‌ത് ഓഫീസിലേക്ക് നടന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ഓഫീസിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ അവിടവിടെയായി ഓരോ വിളികൾ വന്നു തുടങ്ങി.

അക്ഷയ്.. കസ്റ്റമർ ഇഷ്യൂ ഉണ്ട്. നീ അതൊന്നു വേഗം നോക്ക്. വളരെ ക്രിട്ടിക്കൽ ആണ്.
അക്ഷയ് ജൂലൈയിലെ വർക്കിന്റെ സൊല്യൂഷൻ വൈകുന്നേരത്തേക്ക് കംപ്ലീറ്റ് ആക്കണേ.
ഇന്നലെ വന്ന ബഗ്ഗിന്റെ സ്റ്റാറ്റസ് എന്തായി? നീ അത് അനലൈസ് ചെയ്തോ?
എല്ലാമൊന്നു നോക്കി വന്നപ്പോഴേക്കും മീറ്റിംഗിനുള്ള ടൈമും ആയി. കോൺഫറൻസ് റൂമിൽ വെച്ചാണ് റാഹേലിനെ കണ്ടത്. എങ്ങനെയെങ്കിലും ഈ മീറ്റിംഗ് ഒന്ന് തീർത്ത് റാഹേലിനോട് ഇന്നലെ നടന്ന സംഭവങ്ങളൊക്കെ പറയാനുള്ള വെമ്പലായിരുന്നു എനിക്ക്.

പക്ഷെ മീറ്റിംഗ് നീണ്ടു പോയി. ഏകദേശം നാല് മണിക്കൂർ എടുത്തു തീരാൻ. മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും പോയെങ്കിലും, ക്ലൈന്റിൽ ഒരാൾ മാത്രം എന്നോട് കാഷ്വലായി ഓരോന്ന്‌ സംസാരിച്ച് അവിടെത്തന്നെ ഇരുന്നു. അതിനൊന്നും ഉത്തരം കൊടുക്കാൻ എനിക്കൊരു താല്പര്യവും ഇല്ലായിരുന്നു. എങ്കിലും ഞാൻ കഷ്ട്ടപ്പെട്ട് ചിരിച്ചോണ്ട് ഓരോന്നൊക്കെ പറഞ്ഞൊപ്പിച്ചു. അപ്പോഴും എന്റെ ശ്രദ്ധ മൊത്തം റാഹേലിലായിരുന്നു. കോഫി മെഷീനിൽ നിന്നു കോഫി എടുക്കുന്ന റാഹേലിനെ കോൺഫറൻസ് റൂമിന്റെ ഗ്ലാസിലൂടെ നോക്കിയാൽ കാണാമായിരുന്നു. എത്രയും പെട്ടെന്ന് അവളുടെ അടുത്തെത്തി എല്ലാം പറയാനുള്ള തിടുക്കമായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ ക്ലൈന്റിനോട് അത്യാവശ്യമായി കുറച്ചു പണി ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞ് ഞാൻ മെല്ലെ അവിടെനിന്ന് തടിതപ്പി നേരെ അവളുടെ അടുത്തേക്ക് പോയി. റാഹേൽ അവിടെ ഒരു കോഫിയും കുടിച്ചു നിൽക്കുകയായിരുന്നു. ഞാനവളുടെ അടുത്ത് ചെന്നൊന്നു ചിരിച്ച് മെല്ലെ താങ്ക് യൂ എന്ന് പറഞ്ഞു... അവളെന്നെ ഒന്നു കണ്ണുരുട്ടി നോക്കികൊണ്ടു പറഞ്ഞു.

" ഇത് വളരെ ഇമ്പോർട്ടന്റ് മീറ്റിംഗ്‌ ആണെന്ന് നിനക്കറിയില്ലെ? "
"അറിയായിരുന്നു…പക്ഷെ പറ്റിപ്പോയി…നീയൊന്നു ക്ഷമിക്ക്. ഇന്നലെ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. അതൊക്കെ പറഞ്ഞാൽ നീ വിശ്വസിക്കുമോയെന്ന് എനിക്ക് അറിയില്ല "
ഞാൻ പറഞ്ഞു തീർക്കുന്നതിന് മുന്നേ റാഹേൽ തുടർന്നു
" എന്ത് സംഭവം? ഇന്നലെ ബോധമില്ലാതെ കിടന്നുറങ്ങാനും മാത്രം എന്താണുണ്ടായത് ?"

പെട്ടെന്ന് റാഹേലിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. അവൾ ധൃതിയിൽ ഫോൺ എടുത്തു. "എടി...ഞാൻ ഇതാ ഇറങ്ങി. ഒരു അഞ്ച് മിനുറ്റ്.. ഇപ്പം എത്തും. "അതും പറഞ്ഞവൾ ഫോൺ കട്ടാക്കി വീണ്ടും എന്നോട് സംസാരിക്കാൻ തുടങ്ങി. "എടാ അക്ഷയ് എനിക്ക് പെട്ടെന്ന് പോകണം. ദിയ താഴെ വെയിറ്റ് ചെയ്യുന്നുണ്ട്. നാളെ രാവിലെയാണ് ഞങ്ങൾക്ക് ചെന്നൈയ്ക്ക് പോകേണ്ടത്. അതിന്റെ കുറച്ച് ഷോപ്പിങ്ങുണ്ട്. പിന്നെ നീ എന്നെ രാവിലെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യേണ്ടിവരും. 5 മണിക്കാണ് ട്രെയിൻ."

റാഹേലിന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്യാൻ തുടങ്ങി. അവൾ തിരക്കുപിടിച്ച് കോൾ എടുത്ത് എന്തൊക്കെയോ പറഞ്ഞു. അതിനിടയിൽ എന്നോട് രാവിലെ കാണാമെന്നു കൈ കൊണ്ട് കാണിച്ചു ധൃതിയിൽ അവിടെ നിന്ന് പോയി. അവൾ പോയിക്കഴിഞ്ഞതിനു ശേഷം എന്താണെന്നറിയില്ല എനിക്ക് വല്ലാത്ത ഒരു മൂകത. എല്ലാംകൂടെ എന്റെ മനസ്സിൽ കിടന്ന് വിങ്ങി പൊട്ടുന്നതുപോലെ… കുറച്ചു നേരം ഞാൻ അങ്ങനെ ഇരുന്നു. സമയം ഏതാണ്ട് എട്ട് കഴിഞ്ഞു. വിരലിലെണ്ണാവുന്നവർ മാത്രമേ ഓഫീസിലുള്ളൂ. ബാക്കി എല്ലാവരും പോയി കഴിഞ്ഞിരുന്നു. എനിക്കാണേൽ നേരത്തെ ഏല്പിച്ച കുറച്ച് പണി കൂടെ ബാക്കിയുണ്ട്. ഞാൻ പണികൾ ഓരോന്നായി ചെയ്തു തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ഒരു ഒൻമ്പതര ആയപ്പോഴേക്കും ഞാനൊഴികെ അവസാനത്തെ ആളും പോയി. ഞാനിരിക്കുന്ന ഭാഗം ഒഴിച്ച് ബാക്കി എല്ലായിടത്തും ഇരുട്ടായിരുന്നു. ചുറ്റുപാടും ഇരുട്ടും കുറേ ഒഴിഞ്ഞ കസേരകളും മാത്രം.

മുമ്പും ഇതുപോലെ ഓഫീസിൽ ഒറ്റയ്ക്കിരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോഴൊക്കെ പറഞ്ഞറിയിക്കാനാവാത്ത വികാരവിചാരങ്ങൾ എന്നിൽ വന്ന് നിറയാറുണ്ട്. പകൽ സമയങ്ങളിൽ തിരക്കുകളും ഒച്ചപ്പാടുകളും ഒടുവിൽ രാത്രിയുടെ ഏകാന്തതയിൽ നിശ്ചലമായി നിൽക്കുന്ന ഓഫീസിനൊരു പ്രത്യേക ഭംഗിയാണ്. എന്റെ സീറ്റിന്റെ വലത്തേ അറ്റത്തെ മുറിയാണ് സെർവർ റൂം. അവിടേക്ക് നോക്കിയാൽ പല വർണ്ണങ്ങളിൽ മിന്നി കളിക്കുന്ന എൽ.ഇ.ഡി ബൾബുകൾ കാണാം. കാവ്യഭാവനയിൽ അവയെ നിരീക്ഷിച്ചാൽ അവ പരസ്പരം സംസാരിക്കുകയാണോ എന്നെനിക്ക് തോന്നാറുണ്ട്. പക്ഷെ ഇന്ന് എന്റെ മനസ്സിൽ ഭാവനയൊന്നും ഉണ്ടായിരുന്നില്ല. മൊത്തം ഇന്നലത്തെ രാത്രിയും, നടന്ന സംഭവങ്ങളും മാത്രം... അവളുടെ കൈയ്യിലെ മുറിപ്പാടുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. എന്തായിരിക്കും അവൾക്ക് സംഭവിച്ചത്? അവളെ ഞാൻ ഹോസ്പിറ്റലിലേക്ക് ആയിരുന്നില്ലേ കൊണ്ടു പോവേണ്ടിയിരുന്നത് ? ഛെ എനിക്കെന്തേ അപ്പോ അങ്ങനെ തോന്നീലാ. എന്റെ മനസാകെ അസ്വസ്ഥമാവാൻ തുടങ്ങി.

ഞാൻ അവിടുന്നെഴുന്നേറ്റ് കോഫി മെഷീനിന്റെ അടുത്തുള്ള ജനവാതിലിന്റെ നേരെ നടന്നു. റാഹേലിനും എനിക്കും ഓഫീസിൽ ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലമാണത്. ഞങ്ങൾ പലപ്പോഴും ഒരു കോഫിയുമായി അവിടെ നിന്ന് ഒരുപാട് സംസാരിക്കാറുണ്ട്. പക്ഷെ ഇപ്പോൾ അതിനൊന്നും അധികം സമയം കിട്ടാറില്ല. എപ്പോഴും തിരക്കാണ്. അവസാനമായിട്ട് റാഹേലും ഞാനും അതുപോലെ നിന്ന് സംസാരിച്ചത് സ്വാതിയുടെ കല്ല്യാണത്തിന്റെ അന്നാണ്. സ്വാതിയുടെ കല്ല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏകദേശം മൂന്നു മാസമായി കാണും. അന്ന് ഞാൻ നല്ല വിഷമത്തിലായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ ഒന്നു കുറഞ്ഞു.

ഞാൻ നടന്ന് ജനവാതിലൂടെ വെറുതെ പുറത്തേക്കു നോക്കി. പുറത്ത്‌ നല്ല മഴയാണ്. പതിയെ ഞാൻ ആ ജനവാതിലിന്റെ ഗ്ലാസ്‌ കുറച്ച് നീക്കി. നല്ല തണുത്ത കാറ്റും, മഴച്ചാറ്റലും എന്റെ മുഖത്തെ തൊട്ടു തലോടികൊണ്ടിരുന്നു. പെട്ടെന്ന് എന്റെ ഫോണോന്ന് വൈബ്രേറ്റ് ചെയ്തു. നോക്കിയപ്പോൾ ബാറ്ററി തീരാനായിരിക്കുന്നു. അപ്പോഴാണ് സമയം ശ്രദ്ധിക്കുന്നത്. "10:25". എനിക്കാണെങ്കിൽ നല്ല വിശപ്പും ഉണ്ടായിരുന്നു. പണി എടുക്കാൻ ഒട്ടും താല്പര്യവും ഇല്ല. ഇനിയും ഒരുപാടു പണി ചെയ്തു തീർക്കാനുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കാതെ കംമ്പ്യൂട്ടർ ഓഫാക്കി പുറത്തേക്കു നടന്നു. ബേസ്‌മെന്റിൽ നിന്ന് കാർ എടുത്ത് റോഡിൽ എത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്ത് തുടങ്ങിയിരുന്നു.

രണ്ടു ദിവസം മുമ്പ് കൺമുന്നിൽ വെച്ച് ഒരു ആക്‌സിഡന്റ് കണ്ട ശേഷം പതിവിലും മെല്ലെയാണ് ഞാൻ കാർ ഓടിക്കാർ . നമ്മുടെ നാട്ടിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്താൽ മഴക്കാലത്ത് വണ്ടി ഓടിക്കുന്നത് വളരെ റിസ്കി ആണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും രാത്രിയിലെ ചാറ്റൽ മഴയിലൂടെയുള്ള ഡ്രൈവിങ്ങ് ഒരു പ്രത്യേക അനുഭൂതിയാണ്. അത്തരം അന്തരീക്ഷം പലപ്പോഴും മനസ്സിനെ വളരെ ശാന്തമാക്കാറുണ്ട്. ഇപ്പോൾ ഈ സെക്കന്റിലും ചെറുതായിട്ട് ഞാൻ ആ ശാന്തത അനുഭവിക്കുന്നു.

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ തന്നെ ഒരു ഹോട്ടൽ കണ്ടു. നല്ല വിശപ്പുള്ളതിനാൽ ഞാൻ ആ ഹോട്ടലിന്റെ മുന്നിലേക്ക് കാർ നിർത്തി. മഴയായതിനാൽ പലരും ഹോട്ടലിന് മുന്നിൽ കയറി നിൽപ്പുണ്ടായിരുന്നു. ഞാൻ ഹോട്ടലിന്റെ അകത്തേക്ക് കയറി. അവിടെ ആകെ ഒന്നോ രണ്ടോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. കാഷ്യറും വെയ്‌റ്ററും ചുമരിലുള്ള ടി.വി യിൽ ന്യൂസ്‌ കണ്ടോണ്ട് നിൽക്കുകയായിരുന്നു.

ഞാൻ ടി.വി ക്ക് ഓപ്പോസിറ്റ് ആയിട്ടുള്ള ഒരു സീറ്റിൽ പോയി ഇരുന്നു. ഭക്ഷണം ഓർഡർ ചെയ്ത ശേഷം ടി.വിയിൽ നോക്കി ഞാനങ്ങനെ ഇരുന്നു. ടി.വിയിലെ ന്യൂസ്‌ മുഴുവൻ മഴക്കാല ദുരിതങ്ങളെ കുറിച്ചായിരുന്നു. കൃഷി നാശവും വെള്ളപ്പൊക്കവും റോഡ് ആക്‌സിഡന്റ്സുമൊക്കെയായിരുന്നു പ്രധാന വിഷയം. ന്യൂസ്‌ കണ്ടോണ്ടിരിക്കുന്നതിനിടയിൽ വെയ്റ്റർ ഫുഡുമായി എന്റെ ടേബിളിൽ എത്തി. ഒരു നിമിഷം എന്റെ ശ്രദ്ധ ടി.വിയിൽ നിന്നും മാറി വെയ്റ്ററിലായി. പിന്നെ അയാൾ പോയി കഴിഞ്ഞതിനു ശേഷമാണ് ഞാൻ ടി.വിയിലേക്ക് നോക്കുന്നത്.

നോക്കിയതും ഞാനാകെ തരിത്തു നിന്നു പോയി. എന്റെ ഹൃദയം നിലച്ചു പോയതുപോലെ. ടി.വിയിൽ ഞാൻ കണ്ടത് അവളുടെ മുഖമായിരുന്നു. രണ്ടു ദിവസം മുന്നേ തൊണ്ടയാട് നടന്ന ആക്‌സിഡന്റിൽ യുവതിയടക്കം മരിച്ചത് മൂന്നു പേർ എന്ന അടികുറിപ്പോടു കൂടിയ വാർത്തയായിരുന്നു അതിൽ. അവളുടെ മുഖം കണ്ടതും ഞാനാകെ തണുത്ത് മരവിച്ചതു പോലെയായി. കുറച്ചു സെക്കൻഡുകൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞാനാ മരവിപ്പിൽ അങ്ങനെ നിന്നു. പതിയെ മനസ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കെ, ഞാൻ ആശങ്കയോടെ ടി.വിയിലേക്ക് നോക്കി. എന്റെ ആശങ്കകളെ പതിന്മടങ്ങ് വർധിപ്പിക്കാനെന്നോണം അടുത്ത നിമിഷം തന്നെ കറന്റ്‌ പോയി.

3 - ഇരുട്ട്

എനിക്ക് ചുറ്റും പരന്നു കിടക്കുന്ന ഇരുട്ട്. കോരിച്ചൊരിയുന്ന മഴയുടെയും, ആളുകൾ പരസ്‌പരം സംസാരിക്കുന്നതിന്റെയും, ഇരുട്ടിൽ പരതുന്നതിന്റെയും ശബ്ദങ്ങൾ എന്റെ കാതുകളിൽ ചുറ്റും വലയം ചെയ്തു നിന്നു .

പെട്ടെന്ന് എവിടെ നിന്നോ തെളിഞ്ഞ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചം ആ ഇരുട്ടിന്റെ കാഠിന്യം അൽപമൊന്ന് കുറച്ചു. മങ്ങിയ വെളിച്ചത്തിൽ കണ്ട അവളുടെ ആ കരഞ്ഞു കലങ്ങിയ മുഖം ഞാൻ ഓർത്തെടുത്തു. ആ മുഖം തന്നെയായിരുന്നോ ഞാൻ ടി.വിയിൽ കണ്ടത്? അതോ എനിക്ക് തെറ്റിയതാണോ? സംശയത്താലും ആശങ്കയാലും എന്റെ മനസാകെ നീറി പുകഞ്ഞു. എന്റെ വികാരങ്ങള്‍ ഓരോ നിമിഷവും മാറിക്കൊണ്ടേയിരുന്നു. ആശങ്കയിൽ നിന്നും ഭയത്തിലേക്ക്. ഭയത്തിൽ നിന്ന് സങ്കടത്തിലേക്ക്.. സങ്കടത്തിൽ നിന്ന് സംശയത്തിലേക്ക്. ഒരു പക്ഷെ ആ മുഖം അവളുടേതു തന്നെയാണെങ്കിൽ… എന്താണ് അതിനർത്ഥം? ഞാൻ കണ്ടത് ഒരു യക്ഷിയെ ആണെന്നാണോ?